Saturday, 5 March, 2011

മുക്തി

       കൊന്നവേലികള്‍ നയിച്ച വീഥികള്‍, ചെറുതും മനോഹരവുമായ ജലക്കെട്ടുകള്‍, എല്ലാം കണ്ണില്‍ നിന്നും മറഞ്ഞ് ഉയര്‍ന്നു നീണ്ട പച്ച പുല്ലുകള്‍ നിറഞ്ഞ കാടുകളിലേക്കു ഞാന്‍ നടന്നു. പുല്ലുകളില്‍ നിന്നും പുല്ലുകളിലേക്ക് പുല്‍ച്ചാടികള്‍ ചാടികളിക്കുന്നുണ്ടായിരുന്നു. കാറ്റടിച്ച്ചുയരുന്ന പുല്ലുകളില്‍ നിന്നും സംഗീത തരംഗങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ നടത്തത്തിന്റെ വേഗം കൂട്ടി. എന്റെ ലക്‌ഷ്യം വളരെ പ്രധാനപ്പെട്ടതാണ്. അകലെ എവിടെ നിന്നോ ഒരു മണിനാദം വായുവില്‍ പൊട്ടി ഉതിര്‍ന്നുവീന്നുകൊണ്ടിരുന്നു.
      അവസാനം ഞാനൊരു കായല്‍ കരയില്‍ എത്തിചേര്‍ന്നു.
      ആ ലക്‌ഷ്യം അതു നിറവേറ്റാന്‍ ഞാന്‍ മരിക്കണോ? വീട്ടില്‍ നിന്നും വന്നപ്പോഴില്ലാത്ത വല്ലായ്മ ഇപ്പോള്‍ എവിടെ നിന്നാണ്.
        മുക്തി!  അതു മാത്രമാണ് ആവശ്യം.എന്തെല്ലാം സഹിച്ചു. വിശപ്പ്, അവഗണന, ഇപ്പോള്‍ ഈ തീരത്തില്‍ എവിടെയോ നിന്നു വരുന്ന ഒറ്റപ്പെടലും. എല്ലാം മറക്കണം. മറന്നു മറന്ന് അനന്തതയിലവസാന തീരത്തിലെത്തണം.
 
    എല്ലാം അവസാനിപ്പിച്ചൊരു യാത്ര! ഒരുകണക്കിന് എന്തവസാനിപ്പിക്കാനാണ്. എല്ലാം അവസാനിച്ചു കഴിഞ്ഞു. ഈ ഏകാന്ത തീരത്തിലെവിടെയോ വെച്ച് ഉയര്‍ത്തെഴുന്നെല്ക്കാനായിരിക്കും എന്റെ വിധി. വിധി വിരിച്ചു തന്ന പായയില്‍ നിന്നും ഉണരാന്‍ എനിക്കിതുവരെ സാധിച്ചില്ല.ഉണര്‍ത്താന്‍ ആരും ശ്രമിച്ചുമില്ല.   

    കായലിലെ കറുത്ത ജലത്തില്‍ കുമിളകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. അകലെ അറ്റത്തുനിന്നും ഒരു ബോട്ട് ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. ബോട്ടിന്റെ വേഗതാവ്യതിയാനങ്ങള്‍ക്കനുസൃതമായി ഓളങ്ങള്‍ തീരങ്ങളെ സ്പര്‍ശിച്ചു മുക്തി നേടിക്കൊണ്ടിരുന്നു. കപ്പപായലുകള്‍ പാഴ്തടികള്‍ പോലെ വെറുതെ ജലത്തില്‍ ഉയര്‍ന്നുകിടന്നലഞ്ഞു. കുളക്കോഴികള്‍ മീനുമായി ഉയര്‍ന്ന സ്ഥാനത്തു പുതിയ ഓളങ്ങള്‍ രൂപപ്പെട്ടു കരയിലെക്കടുത്തു. 

   എനിക്കും ഉയരണം. ഉയര്‍ന്നുയര്‍ന്നു ഭാരം ക്ഷയിച്ചു ഒഴുകി നടക്കണം.

  ജലം!എല്ലാ ഭാരങ്ങളുടെയും അവസാനകേന്ദ്രം. ആരുടേയൊക്കെയോ കണ്ണീരുകള്‍,വിഴുപ്പുകള്‍,സന്തോഷങ്ങള്‍,എല്ലാം ആ ജലത്തിലുള്‍ക്കൊള്ളുന്നു.  എനിക്കും ശാന്തി വേണം. അഗാതതയില്‍ അലിഞ്ഞു ചേരണം. ഞാന്‍ ആഗ്രഹിച്ച ശാന്തി, മുക്തി,സമാധാനം, എല്ലാം ഇവിടെ എനിക്കു ലഭിക്കും.ഞാന്‍ വിജയ്ക്കും.അവസാനവും ആദ്യവുമായ വിജയം, അതൊരു അനുഭുതി തന്നെ ആയിരിക്കും.

   എല്ലാം എനിക്കാസ്വദിക്കണം, ആസ്വാദനതലം വിജയത്തിലാരാടി തിമര്‍ക്കുമ്പോള്‍ ഞാന്‍ മറക്കും,എല്ലാം എന്നേക്കുമായി.

    പാപമാണന്നെനിക്കറിയാം പക്ഷെ എനിക്ക് വേറെ വഴിയില്ല. ഞാന്‍ ചുറ്റിലും നോക്കി, ആരുമില്ല. പതുക്കെ ഞാന്‍ ജലത്തിലിറങ്ങി. ജലം എനിക്കായി കാത്തിരുന്നപോല്‍ ആഹ്ലാദിക്കുന്നതായി  തോന്നി.

  "ഹലോ"
പുറകില്‍ നിന്നൊരു വിളി.
ഞാന്‍ തിരിഞ്ഞു നോക്കി.
"എന്റെ കൂടെ ഒന്നു വരുമോ?"
ഒരാളില്‍ നിന്നും ആദ്യമായിട്ടു കിട്ടുന്ന സ്വീകരണം! ഞാന്‍ കൂടെചെന്നു.
"മരിക്കാന്‍ എളുപ്പമാണ് പക്ഷെ അതിനു ശേഷം എന്താകുമെന്നറിയാമോ?" അയാള്‍ ചോദിച്ചു. 
ഞാന്‍ ഒന്നും മിണ്ടിയില്ല.

ഞങ്ങള്‍ കുറച്ചു ദൂരം കായല്‍ തീരത്തിലുടെ നടന്നപ്പോള്‍ ഒരാള്‍ക്കൂട്ടം കണ്ടു. ഒന്നുരണ്ടു പോലീസുകാരും ഉണ്ടായിരുന്നു.

"നമുക്ക് അതെന്താണെന്ന് നോക്കാം"അയാള്‍ പറഞ്ഞു.

ഞാന്‍ മുന്‍പില്‍ നടന്ന്‌ ജനങ്ങള്‍ക്കിടെയിലുടെ നോക്കി.

         ഒരാള്‍ മരിച്ചു കിടക്കുന്നു. കായലില്‍ വീണതായിരിക്കണം മുഴുവനും നനഞ്ഞിട്ടുണ്ട്. ഞാന്‍ ആ മുഖത്തേക്ക് സുക്ഷിച്ചു നോക്കി. അതേ കണ്ണുകള്‍ അതേ മുഖം.അയാള്‍ തന്നെയാണ് അത്. എന്നെ  മരണത്തില്‍ നിന്നും വിളിച്ച മനുഷ്യന്‍.
ഞാന്‍ തിരിഞ്ഞു നോക്കി.

ആ മനുഷ്യന്‍ എവിടെ? ഏതോ ചോദ്യത്തിലാണ്ടപോല്‍ ഞാന്‍ തറച്ചു നിന്നു.